ജ്യോതിഷകളരി 2
അഭിജിത് മുഹൂർത്തം
ജ്യോതിഷത്തില്‍ ജാതകം, പ്രശ്നം, മുഹുര്‍ത്തം , നിമിത്തം, ഗണിതം, ഗോളം എന്നിങ്ങനെ ആറു അംഗങ്ങള്‍ ഉണ്ട്. അതില്‍ സാധാരണയായി വ്യക്തി ജീവിതത്തില്‍ ഏറ്റവും ആവശ്യം വരുന്ന ഒന്നാണ് മുഹൂര്‍ത്ത നിര്‍ണ്ണയം.
ജനിച്ച് ഇരുപത്തിയെട്ടാം നാളില്‍ നൂലു കെട്ടുന്നത് മുതൽ ജീവിതത്തിലെ ഏത് ശുഭകാര്യങ്ങൾക്കും മുഹൂർത്തം ഒഴിച്ച് കൂടാത്ത ഒന്നാണ്.
‘‘സുഖദുഃഖകരം കർമ
ശുഭാശുഭമുഹൂർത്തജം
ജന്മാന്തരോപി തത് കുര്യാത്
ഫലം തസ്യാന്വയോ പി വാ’’
പ്രശ്ന മാര്‍ഗം പ്രഥമ അദ്ധ്യായത്തിലെ ഈ ശ്ലോകത്തില്‍ നിന്നും മുഹൂര്‍ത്തത്തിന്റെ പ്രാധാന്യം വ്യക്തമാണ്. ശുഭ സമയത്ത് ചെയ്യുന്ന കര്‍മങ്ങള്‍ ശുഭകരമാകും എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം.
ഉത്രാടം നക്ഷത്രത്തിന്റെ 15 നാഴികയും, തിരുവോണം നക്ഷത്രത്തിന്റെ ആദ്യ 4 നാഴികയും ചേരുന്നതാണ് അഭിജിത് നക്ഷത്രം
ദിവസവും 2 നാഴിക സമയം (48 മിനിറ്റ്) കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വിശേഷമാണ് ഇത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സൂര്യന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കുന്നത്. സൂര്യോദയം മുതല്‍ സൂര്യാസ്‌തമനം വരെയുള്ള സമയമാണ് ദിനമാനം. സാധാരാണ ഇത് 30 നാഴികയ്‌ക്കടുത്ത് വരും. ഈ ദിനമാനം ഉപയോഗിച്ച് അന്നത്തെ പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിയ്‌ക്കുന്നു. ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക കുറച്ചാല്‍ അഭിജിത് മുഹൂര്‍ത്തത്തിന്റെ ആരംഭമായി. ഇത് പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കൂട്ടിയാല്‍ അഭിജിത് മുഹൂര്‍ത്തത്തിന്റെ അവസാനമായി.
ചില അത്യാവശ്യ ഘട്ടങ്ങളിൽ ഏതെങ്കിലും ശുഭകാര്യം ചെയ്യുന്നതിന് മറ്റു മുഹൂർത്തങ്ങൾ കിട്ടാത്ത പക്ഷം മാത്രം ഉപയുക്തമാക്കാവുന്ന ഒന്നാണ് അഭിജിത്മുഹൂർത്തം .
ദിന മധ്യത്തിലെ ഈ മുഹൂർത്തസമയത്തിന് ആഴ്ചയും, തിഥിയും, നക്ഷത്രവും, രാഹുകാലവും, ഗുളികകാലവും ഒന്നും തന്നെ നോക്കേണ്ടതില്ല എന്നൊരു പക്ഷം ഉണ്ടെങ്കിലും, ദിന മധ്യത്തിലെ കൃത്യമായ സമയം ഒരു ഉത്തമ ദൈവജ്ഞനെ കണ്ട് കൃത്യപ്പെടുത്തി ചെയ്യാവുന്നതാണ്.
27 നക്ഷത്രങ്ങളുടെ വിവേചനം ഋഗ്വേദത്തിലും (7-75-5) അഥർവവേദത്തിലും (19-7) കാണാം. ഈ ഇരുപത്തേഴു നക്ഷത്രങ്ങൾക്കും മൃഗം,വൃക്ഷം,പക്ഷി, ഗണം, പഞ്ചഭൂതത്വം തുടങ്ങിയവയും അവയുടെ പരസ്പര വൈരത്തെയും ആവാഹിച് യോനി പൊരുത്തമായി വിവാഹചേർച്ചയിൽ പോലും കല്പിച്ചിരിക്കുന്നതും പ്രകൃതിയാണ് ജ്യോതിശാസ്ത്ര ത്തിനാധാരമെന്നത്തിന്റെ ഉത്തമ ഉദാഹരണ മാണ്.

Curtsy: Saji Panicker