ജ്യോതിഷകളരി 1
നക്ഷത്രം നിർവചനം
ന ക്ഷീയതേ ക്ഷരതേവ ഇതി നക്ഷത്രം. നശിക്കാതെ നിലനിൽക്കുന്നത് എന്നർത്ഥം. ഭൂമി കേന്ദ്രീകൃതമായി ആകാശത്തെ നിരീക്ഷിക്കുമ്പോൾ സാങ്കൽപ്പികമായ 360 ഡിഗ്രിയുള്ള ഒരു വൃത്തത്തിലെ രാശി കൽപ്പനയിൽ ചില ആകൃതിയിൽ നിൽക്കുന്ന ഒരുകൂട്ടം നക്ഷത്രങ്ങളെ -ആ ആകൃതിയിൽ വിളിച്ചു പൊന്നു. ആ രാശിയിൽ നിന്ന് മാറാത്തവർ എന്ന അർത്ഥത്തിലാണ് ന ക്ഷീയതേ ക്ഷരതേവ നക്ഷത്രം എന്ന നിർവചനം അർത്ഥമാക്കുന്നത്.
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹ മായതുകൊണ്ട് ചന്ദ്രൻ ഒരു രാശി കടക്കുന്ന സമയം കൊണ്ട് ജ്യോതിശ്ചക്രം രണ്ടേകാൽപ്രാവശ്യം ചുറ്റുന്നു. ഇതനുസരിച് ചന്ദ്രന് ഒരു രാശി കടക്കുന്നതിന് രണ്ടേകാൽ ദിവസം മതിയാവും. ചന്ദ്രൻ ജ്യോതിശ്ചക്രത്തിൽ സാധാരണയായി നക്ഷത്രങ്ങളെ ആശ്രയിച്ചാണ് കറങ്ങി കൊണ്ടിരിക്കുന്നത്.
അതായത് മേടം മുതൽ മീനം വരെയുള്ള 12 രാശികളായിട്ടാണ് അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളും അടങ്ങിയിരിക്കുന്നത്.
ഈ കണക്കനുസരിച് ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം വീതമാണ് അടങ്ങിയിരിക്കുന്നതെന്നും അറുപതു നാഴിക വീതമുള്ള നക്ഷത്രങ്ങളിൽ രണ്ടേകാൽ നക്ഷത്രം അല്ലെങ്കിൽ ഒരു നക്ഷത്രത്തിന്റെ കാൽ ഭാഗമായ പതിനഞ്ചു നാഴികവീതമുള്ള നാല് കാലുകൾ അടങ്ങിയ ഒൻപതു നക്ഷത്രക്കാൽ സമയമാണ് ചന്ദ്രന് ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് കടക്കുന്നതിനു വേണ്ടി വരുന്നതെന്നും സിദ്ധിക്കുന്നു. ഇപ്രകാരം 27 ദിവസം കൊണ്ട് 108 നക്ഷത്ര പാദങ്ങളടങ്ങിയ കാലചക്രത്തെ ചന്ദ്രൻ ഒരു പ്രാവശ്യം ചുറ്റുന്നു. ഇതിനെ ആണ് ഒരു ചാന്ദ്രമാസം എന്ന് പറയുന്നത്.
ഇങ്ങിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രൻ മേടം രാശിയുടെ ഉദയം മുതൽ ഒൻപതു നക്ഷത്ര പാദങ്ങളടങ്ങിയ മേൽപ്പടി രാശിയുടെ നാല് പാദം വരെ സഞ്ചരിക്കുന്ന സമയത്തിന് അശ്വതിയെന്നും, എട്ടു ഭാഗം വരെ സഞ്ചരിക്കുന്ന സമയത്തിന് ഭരണിയെന്നും, മേടം രാശിയുടെ ഒടുവിലത്തെ പാദമായ ഒൻപതാമത്തെ പാദം മുതൽ ഇടവം രാശിയുടെ മൂന്നാമത്തെ പാദം വരെ സഞ്ചരിക്കുന്ന സമയത്തിന് കാർത്തികയെന്നും ക്രമേണ പറഞ്ഞു വരുന്നു.
അതായത് കാലചക്രത്തിൽ കൂടി ചുറ്റി കറങ്ങി കൊണ്ടിരിക്കുന്ന ചന്ദ്രൻ അതിൽ സ്ഥിരമായി നിൽക്കുന്ന അശ്വതി തുടങ്ങിയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഏതിന്റെ നേരെ വരുന്നുവോ ആ ദിവസം ആ നക്ഷത്രത്തിന്റെ പേര് കൊണ്ട് അറിയപ്പെടുന്നു.

Curtsy: Saji Panicker
ഏവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തവും സുന്ദരവുമായുള്ള എഴുത്തിന് നന്ദി…